Malayalam Bible
ലൂക്കോസ് 23
വലിയ സ്ക്രീൻ- 1അനന്തരം അവർ എല്ലാവരും കൂട്ടമേ എഴുന്നേറ്റു അവനെ പീലാത്തൊസിന്റെ അടുക്കൽ കൊണ്ടുപോയി:
- 2ഇവൻ ഞങ്ങളുടെ ജാതിയെ മറിച്ചുകളകയും താൻ ക്രിസ്തു എന്ന രാജാവാകുന്നു എന്നു പറഞ്ഞുകൊണ്ടു കൈസർക്കു കരം കൊടുക്കുന്നതു വിരോധിക്കയും ചെയ്യുന്നതായി ഞങ്ങൾ കണ്ടു എന്നു കുറ്റം ചുമത്തിത്തുടങ്ങി.
- 3പീലാത്തൊസ് അവനോടു: നീ യെഹൂദന്മാരുടെ രാജാവൊ എന്നു ചോദിച്ചതിന്നു: “ഞാൻ ആകുന്നു” എന്നു അവനോടു ഉത്തരം പറഞ്ഞു.
- 4പീലാത്തൊസ് മഹാപുരോഹിതന്മാരോടും പുരുഷാരത്തോടും: ഞാൻ ഈ മനുഷ്യനിൽ കുറ്റം ഒന്നും കാണുന്നില്ല എന്നു പറഞ്ഞു.
- 5അതിന്നു അവർ: അവൻ ഗലീലയിൽ തുടങ്ങി യെഹൂദ്യയിൽ എങ്ങും ഇവിടത്തോളവും പഠിപ്പിച്ചു ജനത്തെ കലഹിപ്പിക്കുന്നു എന്നു നിഷ്കർഷിച്ചു പറഞ്ഞു.
- 6ഇതു കേട്ടിട്ടു ഈ മനുഷ്യൻ ഗലീലക്കാരനോ എന്നു പീലാത്തൊസ് ചോദിച്ചു;
- 7ഹെരോദാവിന്റെ അധികാരത്തിൽ ഉൾപ്പെട്ടവൻ എന്നറിഞ്ഞിട്ടു, അന്നു യെരൂശലേമിൽ വന്നു പാർക്കുന്ന ഹെരോദാവിന്റെ അടുക്കൽ അവനെ അയച്ചു.
- 8ഹെരോദാവു യേശുവിനെ കണ്ടിട്ടു അത്യന്തം സന്തോഷിച്ചു; അവനെക്കുറിച്ചു കേട്ടിരുന്നതുകൊണ്ടു അവനെ കാണ്മാൻ വളരെക്കാലമായി ഇച്ഛിച്ചു, അവൻ വല്ല അടയാളവും ചെയ്യുന്നതു കാണാം എന്നു ആശിച്ചിരുന്നു.
- 9ഏറിയോന്നു ചോദിച്ചിട്ടും അവൻ അവനോടു ഉത്തരം ഒന്നും പറഞ്ഞില്ല.
- 10മഹാപുരോഹിതന്മാരും ശാസ്ത്രിമാരും കഠിനമായി അവനെ കുറ്റം ചുമത്തിക്കൊണ്ടു നിന്നു.
- 11ഹെരോദാവു തന്റെ പടയാളികളുമായി അവനെ പരിഹസിച്ചു നിസ്സാരനാക്കി ശുഭ്രവസ്ത്രം ധരിപ്പിച്ചു പീലാത്തൊസിന്റെ അടുക്കൽ മടക്കി അയച്ചു.
- 12അന്നു ഹെരോദാവും പീലാത്തൊസും തമ്മിൽ സ്നേഹിതന്മാരായിത്തീർന്നു; മുമ്പെ അവർ തമ്മിൽ വൈരമായിരുന്നു.
- 13പീലാത്തൊസ് മഹാപുരോഹിതന്മാരെയും പ്രമാണികളെയും ജനത്തെയും വിളിച്ചു കൂട്ടി.
- 14അവരോടു: ഈ മനുഷ്യൻ ജനത്തെ മത്സരിപ്പിക്കുന്നു എന്നു പറഞ്ഞു നിങ്ങൾ അവനെ എന്റെ അടുക്കൽ കൊണ്ടുവന്നുവല്ലോ; ഞാനോ നിങ്ങളുടെ മുമ്പാകെ വിസ്തരിച്ചിട്ടും നിങ്ങൾ ചുമത്തിയ കുറ്റം ഒന്നും ഇവനിൽ കണ്ടില്ല;
- 15ഹെരോദാവും കണ്ടില്ല; അവൻ അവനെ നമ്മുടെ അടുക്കൽ മടക്കി അയച്ചുവല്ലോ; ഇവൻ മരണയോഗ്യമായതു ഒന്നും പ്രവർത്തിച്ചിട്ടില്ല സ്പഷ്ടം;
- 16അതുകൊണ്ടു ഞാൻ അവനെ അടിപ്പിച്ചു വിട്ടയക്കും എന്നു പറഞ്ഞു.
- 17ഇവനെ നീക്കിക്കളക; ബറബ്ബാസിനെ വിട്ടു തരിക എന്നു എല്ലാവരുംകൂടെ നിലവിളിച്ചു,
- 18(ഉത്സവന്തോറും ഒരുത്തനെ വിട്ടുകൊടുക്ക പതിവായിരുന്നു)
- 19അവനോ നഗരത്തിൽ ഉണ്ടായ ഒരു കലഹവും കുലയും ഹേതുവായി തടവിലായവൻ ആയിരുന്നു.
- 20പീലാത്തൊസ് യേശുവിനെ വിടുവിപ്പാൻ ഇച്ഛിച്ചിട്ടു പിന്നെയും അവരോടു വിളിച്ചു പറഞ്ഞു.
- 21അവരോ: അവനെ ക്രൂശിക്ക, ക്രൂശിക്ക എന്നു എതിരെ നിലവിളിച്ചു.
- 22അവൻ മൂന്നാമതും അവരോടു: അവൻ ചെയ്ത ദോഷം എന്തു? മരണയോഗ്യമായതു ഒന്നും അവനിൽ കണ്ടില്ല; അതുകൊണ്ടു ഞാൻ അവനെ അടിപ്പിച്ചു വിട്ടയക്കും എന്നു പറഞ്ഞു.
- 23അവരോ അവനെ ക്രൂശിക്കേണ്ടതിന്നു ഉറക്കെ മുട്ടിച്ചു ചോദിച്ചു; അവരുടെ നിലവിളി ഫലിച്ചു;
- 24അവരുടെ അപേക്ഷപോലെ ആകട്ടെ എന്നു പീലാത്തൊസ് വിധിച്ചു.
- 25കലഹവും കുലയും ഹേതുവായി തടവിലായവനെ അവരുടെ അപേക്ഷപോലെ വിട്ടുകൊടുക്കയും യേശുവിനെ അവരുടെ ഇഷ്ടത്തിന്നു ഏല്പിക്കയും ചെയ്തു.
- 26അവനെ കൊണ്ടുപോകുമ്പോൾ വയലിൽ നിന്നു വരുന്ന ശിമോൻ എന്ന ഒരു കുറേനക്കാരനെ അവർ പിടിച്ചു ക്രൂശ് ചുമപ്പിച്ചു യേശുവിന്റെ പിന്നാലെ നടക്കുമാറാക്കി.
- 27ഒരു വലിയ ജനസമൂഹവും അവനെച്ചൊല്ലി വിലപിച്ചു മുറയിടുന്ന അനേകം സ്ത്രീകളും അവന്റെ പിന്നാലെ ചെന്നു.
- 28യേശു തിരിഞ്ഞു അവരെ നോക്കി: “യെരൂശലേംപുത്രിമാരേ, എന്നെച്ചൊല്ലി കരയേണ്ടാ, നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിൻ.
- 29മച്ചികളും പ്രസവിക്കാത്ത ഉദരങ്ങളും കുടിപ്പിക്കാത്ത മുലകളും ഭാഗ്യമുള്ളവ എന്നു പറയുന്ന കാലം വരുന്നു.
- 30അന്നു മലകളോടു: ഞങ്ങളുടെ മേൽ വീഴുവിൻ എന്നും കുന്നുകളോടു: ഞങ്ങളെ മൂടുവിൻ എന്നും പറഞ്ഞു തുടങ്ങും.
- 31പച്ചമരത്തോടു ഇങ്ങനെ ചെയ്താൽ ഉണങ്ങിയതിന്നു എന്തു ഭവിക്കും”എന്നു പറഞ്ഞു.
- 32ദുഷ്‌പ്രവൃത്തിക്കാരായ വേറെ രണ്ടുപേരെയും അവനോടുകൂടെ കൊല്ലേണ്ടതിന്നു കൊണ്ടുപോയി.
- 33തലയോടിടം എന്ന സ്ഥലത്തു എത്തിയപ്പോൾ അവർ അവിടെ അവനെയും ദുഷ്‌പ്രവൃത്തിക്കാരെയും, ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി, ക്രൂശിച്ചു.
- 34എന്നാൽ യേശു: “പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ” എന്നു പറഞ്ഞു. അനന്തരം അവർ അവന്റെ വസ്ത്രം വിഭാഗിച്ചു ചീട്ടിട്ടു.
- 35ജനം നോക്കിക്കൊണ്ടു നിന്നു. ഇവൻ മറുള്ളവരെ രക്ഷിച്ചുവല്ലോ; ദൈവം തിരഞ്ഞെടുത്ത ക്രിസ്തു എങ്കിൽ തന്നെത്താൻ രക്ഷിക്കട്ടെ എന്നു പ്രധാനികളും പരിഹസിച്ചുപറഞ്ഞു.
- 36പടയാളികളും അവനെ പരിഹസിച്ചു അടുത്തു വന്നു അവന്നു പുളിച്ചവീഞ്ഞു കാണിച്ചു.
- 37നീ യെഹൂദന്മാരുടെ രാജാവു എങ്കിൽ നിന്നെത്തന്നേ രക്ഷിക്ക എന്നു പറഞ്ഞു.
- 38ഇവൻ യെഹൂദന്മാരുടെ രാജാവു എന്നു ഒരു മേലെഴുത്തും അവന്റെ മീതെ ഉണ്ടായിരുന്നു.
- 39തൂക്കിയ ദുഷ്‌പ്രവൃത്തിക്കാരിൽ ഒരുത്തൻ: നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നേയും ഞങ്ങളെയും രക്ഷിക്ക എന്നു പറഞ്ഞു അവനെ ദുഷിച്ചു.
- 40മറ്റവനോ അവനെ ശാസിച്ചു: സമശിക്ഷാവിധിയിൽ തന്നേ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ?
- 41നാമോ ന്യായമായിട്ടു ശിക്ഷ അനുഭവിക്കുന്നു; നാം പ്രവർത്തിച്ചതിന്നു യോഗ്യമായതല്ലോ കിട്ടുന്നതു; ഇവനോ അരുതാത്തതു ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു.
- 42പിന്നെ അവൻ: യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ എന്നു പറഞ്ഞു.
- 43യേശു അവനോടു: “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു” എന്നു പറഞ്ഞു.
- 44ഏകദേശം ആറാം മണി നേരമായപ്പോൾ സൂര്യൻ ഇരുണ്ടുപോയിട്ടു ഒമ്പതാം മണിവരെ ദേശത്തു ഒക്കെയും അന്ധകാരം ഉണ്ടായി.
- 45ദൈവമന്ദിരത്തിലെ തിരശ്ശീല നടുവെ ചീന്തിപ്പോയി.
- 46യേശു അത്യുച്ചത്തിൽ “പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു” എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു.
- 47ഈ സംഭവിച്ചതു ശതാധിപൻ കണ്ടിട്ടു: ഈ മനുഷ്യൻ വാസ്തവമായി നീതിമാൻ ആയിരുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.
- 48കാണ്മാൻ കൂടി വന്ന പുരുഷാരം ഒക്കെയും സംഭവിച്ചതു കണ്ടിട്ടു മാറത്തടിച്ചു കൊണ്ടു മടങ്ങിപ്പോയി.
- 49അവന്റെ പരിചയക്കാർ എല്ലാവരും ഗലീലയിൽ നിന്നു അവനെ അനുഗമിച്ചസ്ത്രീകളും ഇതു നോക്കിക്കൊണ്ടു ദൂരത്തു നിന്നു.
- 50അരിമത്യ എന്നൊരു യെഹൂദ്യപട്ടണക്കാരനായി നല്ലവനും നീതിമാനും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ യോസേഫ് എന്നൊരു മന്ത്രി —
- 51അവൻ അവരുടെ ആലോചനെക്കും പ്രവൃത്തിക്കും അനുകൂലമല്ലായിരുന്നു —
- 52പീലാത്തൊസിന്റെ അടുക്കൽ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു,
- 53അതു ഇറക്കി ഒരു ശീലയിൽ പൊതിഞ്ഞു പാറയിൽ വെട്ടിയിരുന്നതും ആരെയും ഒരിക്കലും വെച്ചിട്ടില്ലാത്തതുമായ കല്ലറയിൽ വെച്ചു.
- 54അന്നു ഒരുക്കനാൾ ആയിരുന്നു, ശബ്ബത്തും ആരംഭിച്ചു.
- 55ഗലീലയിൽ നിന്നു അവനോടുകൂടെ പോന്ന സ്ത്രീകളും പിന്നാലെ ചെന്നു കല്ലറയും അവന്റെ ശരീരം വെച്ച വിധവും കണ്ടിട്ടു
- 56മടങ്ങിപ്പോയി സുഗന്ധവർഗ്ഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ചു ശബ്ബത്തിൽ സ്വസ്ഥമായിരന്നു.