Malayalam Bible
1 ദിനവൃത്താന്തം 9
വലിയ സ്ക്രീൻ- 1യിസ്രായേൽ മുഴുവനും വംശാവലിയായി ചാർത്തപ്പെട്ടിരുന്നു; അതു യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. യെഹൂദയെയോ അവരുടെ അകൃത്യംനിമിത്തം ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോയി.
- 2അവരുടെ അവകാശത്തിലും പട്ടണങ്ങളിലും ഉണ്ടായിരുന്ന ആദ്യനിവാസികൾ യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയദാസന്മാരും ആയിരുന്നു.
- 3യെരൂശലേമിലോ ചില യെഹൂദ്യരും ബെന്യാമീന്യരും എഫ്രയീമ്യരും മനശ്ശേയരും പാർത്തു.
- 4അവരാരെന്നാൽ: യെഹൂദയുടെ മകനായ പേരെസ്സിന്റെ മക്കളിൽ ബാനിയുടെ മകനായ ഇമ്രിയുടെ മകനായ ഒമ്രിയുടെ മകനായ അമ്മീഹൂദിന്റെ മകൻ ഊഥായി;
- 5ശീലോന്യരിൽ ആദ്യജാതനായ അസായാവും അവന്റെ പുത്രന്മാരും;
- 6സേരഹിന്റെ പുത്രന്മാരിൽ യെയൂവേലും അവരുടെ സഹോദരന്മാരുമായ അറുനൂറ്റി തൊണ്ണൂറുപേരും;
- 7ബെന്യാമീൻ പുത്രന്മാരിൽ ഹസ്സെനൂവയുടെ മകനായ ഹോദവ്യാവിന്റെ മകനായ മെശുല്ലാമിന്റെ മകനായ സല്ലൂവും
- 8യെരോഹാമിന്റെ മകനായ യിബ്നെയാവും മിക്രിയുടെ മകനായ ഉസ്സിയുടെ മകൻ ഏലയും യിബ്നെയാവിന്റെ മകനായ രെയൂവേലിന്റെ മകനായ ശെഫത്യാവിന്റെ മകൻ മെശുല്ലാമും
- 9തലമുറതലമുറയായി അവരുടെ സഹോദരന്മാർ ആകെ തൊള്ളായിരത്തമ്പത്താറുപേരും. ഈ പുരുഷന്മാരൊക്കെയും താന്താങ്ങളുടെ പിതൃഭവനങ്ങളിൽ കുടുംബത്തലവന്മാരായിരുന്നു.
- 10പുരോഹിതന്മാരിൽ യെദയാവും യെഹോയാരീബും യാഖീനും
- 11അഹീത്തൂബിന്റെ മകനായ മെരായോത്തിന്റെ മകനായ സാദോക്കിന്റെ മകനായ മെശുല്ലാമിന്റെ മകനായ ഹിൽക്കീയാവിന്റെ മകനായി ദൈവാലയാധിപനായ
- 12അസർയ്യാവും മൽക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ യെരോഹാമിന്റെ മകൻ അദായാവും ഇമ്മോരിന്റെ മകനായ മെശില്ലേമീത്തിന്റെ മകനായ മെശുല്ലാമിന്റെ മകനായ യഹ്സേരയുടെ മകനായ അദീയേലിന്റെ മകൻ മയശായിയും
- 13പിതൃഭവനങ്ങൾക്കു തലവന്മാരായ അവരുടെ സഹോദരന്മാരും ആകെ ആയിരത്തെഴുനൂറ്ററുപതുപേർ. ഇവർ ദൈവാലയത്തിലെ ശുശ്രൂഷയുടെ വേലെക്കു ബഹുപ്രാപ്തന്മാർ ആയിരുന്നു.
- 14ലേവ്യരിലോ മെരാർയ്യരിൽ ഹശബ്യാവിന്റെ മകനായ അസ്രീക്കാമിന്റെ മകനായ ഹശ്ശൂബിന്റെ മകനായ ശെമയ്യാവും
- 15ബക്ബക്കരും ഹേറെശും ഗാലാലും ആസാഫിന്റെ മകനായ സിക്രിയുടെ മകനായ മീഖയുടെ മകൻ മത്ഥന്യാവും
- 16യെദൂഥൂന്റെ മകനായ ഗാലാലിന്റെ മകനായ ശെമയ്യാവിന്റെ മകൻ ഓബദ്യാവും നെതോഫാത്യരുടെ ഗ്രാമങ്ങളിൽ പാർത്ത എൽക്കാനയുടെ മകനായ
- 17ആസയുടെ മകൻ ബെരെഖ്യാവും വാതിൽകാവൽക്കാർ: ശല്ലൂമും അക്കൂബും തൽമോനും അഹീമാനും അവരുടെ സഹോദരന്മാരും; ശല്ലൂമും തലവനായിരുന്നു.
- 18ലേവ്യപാളയത്തിൽ വാതിൽകാവൽക്കാരായ ഇവർ കിഴക്കു വശത്തു രാജപടിവാതിൽക്കൽ ഇന്നുവരെ കാവൽചെയ്തുവരുന്നു.
- 19കോരഹിന്റെ മകനായ എബ്യാസാഫിന്റെ മകനായ കോരേയുടെ മകൻ ശല്ലൂമും അവന്റെ പിതൃഭവനത്തിലെ അവന്റെ സഹോദരന്മാരായ കോരഹ്യരും കൂടാരത്തിന്റെ ഉമ്മരപ്പടിക്കൽ കാവൽക്കാരായി ശുശ്രൂഷയുടെ വേലെക്കു മേൽവിചാരകന്മാരായിരുന്നു; അവരുടെ പിതാക്കന്മാരും യഹോവയുടെ പാളയത്തിന്നു മേൽവിചാരകന്മാരായി പ്രവേശനപാലകരായിരുന്നു.
- 20എലെയാസാരിന്റെ മകനായ ഫീനെഹാസ് പണ്ടു അവരുടെ അധിപനായിരുന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.
- 21മെശേലെമ്യാവിന്റെ മകനായ സെഖർയ്യാവു സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ കാവൽക്കാരനായിരുന്നു.
- 22ഉമ്മരപ്പടിക്കൽ കാവൽക്കാരായി നിയമിക്കപ്പെട്ടിരുന്ന ഇവർ ആകെ ഇരുനൂറ്റി പന്ത്രണ്ടുപേർ. അവർ തങ്ങളുടെ ഗ്രാമങ്ങളിൽ വംശാവലിപ്രകാരം ചാർത്തപ്പെട്ടിരുന്നു; ദാവീദും ദർശകനായ ശമൂവേലും ആയിരുന്നു അവരെ അതതു ഉദ്യോഗത്തിലാക്കിയതു.
- 23ഇങ്ങനെ അവരും അവരുടെ പുത്രന്മാരും കൂടാരനിവാസമായ യഹോവാലയത്തിന്റെ വാതിലുകൾക്കു കാവൽമുറപ്രകാരം കാവൽക്കാരായിരുന്നു.
- 24കിഴക്കും പടിഞ്ഞാറും വടക്കും തെക്കും ഇങ്ങനെ നാലുവശത്തും കാവൽക്കാരുണ്ടായിരുന്നു.
- 25ഗ്രാമങ്ങളിലെ അവരുടെ സഹോദരന്മാർ ഏഴാം ദിവസം തോറും മാറി മാറി വന്നു അവരോടുകൂടെ ഊഴക്കാരായിരുന്നു.
- 26വാതിൽ കാവൽക്കാരിൽ പ്രധാനികളായ ഈ നാലും ലേവ്യരും ഉദ്യോഗസ്ഥരായി ദൈവാലയത്തിലെ അറകൾക്കും ഭണ്ഡാരത്തിന്നും മേൽവിചാരം നടത്തി.
- 27കാവലും രാവിലെതോറും വാതിൽ തുറക്കുന്ന മുറയും അവർക്കുള്ളതുകൊണ്ടു അവർ ദൈവാലയത്തിന്റെ ചുറ്റും രാപാർത്തുവന്നു.
- 28അവരിൽ ചിലർക്കു ശുശ്രൂഷെക്കുള്ള ഉപകരണങ്ങളുടെ വിചാരണ ഉണ്ടായിരുന്നു; അവയെ എണ്ണീട്ടു അകത്തു കൊണ്ടുപോയും പുറത്തു കൊണ്ടുവരികയും ചെയ്യും.
- 29അവരിൽ ചിലരെ ഉപകരണങ്ങൾക്കും സകലവിശുദ്ധപാത്രങ്ങൾക്കും മാവു, വീഞ്ഞു, കുന്തുരുക്കം, സുഗന്ധവർഗ്ഗം എന്നിവെക്കും മേൽവിചാരകരായി നിയമിച്ചിരുന്നു.
- 30പുരോഹിതപുത്രന്മാരിൽ ചിലർ സുഗന്ധതൈലം ഉണ്ടാക്കും.
- 31ലേവ്യരിൽ ഒരുത്തനായി കോരഹ്യനായ ശല്ലൂമിന്റെ ആദ്യജാതൻ മത്ഥിഥ്യാവിന്നു ചട്ടികളിൽ ചുട്ടുണ്ടാക്കിയ സാധനങ്ങളുടെ മേൽവിചാരണ ഉണ്ടായിരുന്നു.
- 32കെഹാത്യരായ അവരുടെ സഹോദരന്മാരിൽ ചിലർക്കു ശബ്ബത്തുതോറും കാഴ്ചയപ്പം ഒരുക്കുവാനുള്ള ചുമതല ഉണ്ടായിരുന്നു.
- 33ലേവ്യരുടെ പിതൃഭവനങ്ങളിൽ പ്രധാനന്മാരായ ഇവർ സംഗീതക്കാരായി ആഗാരങ്ങളിൽ പാർത്തിരുന്നു. അവർ രാവും പകലും തങ്ങളുടെ വേലയിൽ ഭാരപ്പെട്ടിരുന്നതുകൊണ്ടു മറ്റു ശുശ്രൂഷകളിൽനിന്നു ഒഴിവുള്ളവരായിരുന്നു.
- 34ഈ പ്രധാനികൾ ലേവ്യരുടെ പിതൃഭവനങ്ങൾക്കു തലമുറതലമുറയായി തലവന്മാരായിരുന്നു; അവർ യെരൂശലേമിൽ പാർത്തുവന്നു.
- 35ഗിബെയോനിൽ ഗിബെയോന്റെ പിതാവായ യെയീയേലും--അവന്റെ ഭാര്യക്കു മയഖാ എന്നു പേർ--
- 36അവന്റെ മൂത്തമകൻ അബ്ദോൻ, സൂർ, കീശ്, ബാൽ, നേർ,
- 37നാദാബ്, ഗെദോർ, അഹ്യോ, സെഖർയ്യാവു, മിക്ളോത്ത് എന്നിവരും പാർത്തു.
- 38മിക്ളോത്ത് ശിമെയാമിനെ ജനിപ്പിച്ചു; അവർ തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമിൽ തങ്ങളുടെ സഹോദരന്മാർക്കു എതിരെ പാർത്തു.
- 39നേർ കീശിനെ ജനിപ്പിച്ചു; കീശ് ശൌലിനെ ജനിപ്പിച്ചു; ശൌൽ യോനാഥാനെയും മൽക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു.
- 40യോനാഥാന്റെ മകൻ മെരീബ്ബാൽ; മെരീബ്ബാൽ മീഖയെ ജനിപ്പിച്ചു.
- 41മീഖയുടെ പുത്രന്മാർ: പീഥോൻ, മേലെക്, തഹ്രേയ, ആഹാസ്.
- 42ആഹാസ് യാരയെ ജനിപ്പിച്ചു; യാരാ അലേമെത്തിനെയും അസ്മാവെത്തിനെയും സിമ്രിയെയും ജനിപ്പിച്ചു; സിമ്രി മോസയെ ജനിപ്പിച്ചു;
- 43മോസ ബിനെയയെ ജനിപ്പിച്ചു; അവന്റെ മകൻ രെഫയാവു; അവന്റെ മകൻ എലാസാ; അവന്റെ മകൻ ആസേൽ.
- 44ആസേലിന്നു ആറു മക്കൾ ഉണ്ടായിരുന്നു; അവരുടെ പേരുകൾ: അസ്രീക്കാം, ബെക്രൂ, യിശ്മായേൽ, ശെയർയ്യാവു, ഓബദ്യാവു, ഹാനാൻ; ഇവർ ആസേലിന്റെ മക്കൾ.