Malayalam Bible
1 ദിനവൃത്താന്തം 23
വലിയ സ്ക്രീൻ- 1ദാവീദ് വയോധികനും കാലസമ്പൂർണ്ണനും ആയപ്പോൾ തന്റെ മകനായ ശലോമോനെ യിസ്രായേലിന്നു രാജാവാക്കി.
- 2അവൻ യിസ്രായേലിന്റെ പ്രഭുക്കന്മാരെയും പുരോഹിതന്മാരെയും ലേവ്യരെയും എല്ലാം കൂട്ടി വരുത്തി,
- 3ലേവ്യരിൽ മുപ്പതു വയസ്സുമുതൽ മേലോട്ടുള്ളവരെ എണ്ണി; ആളെണ്ണം പേരുപേരായി അവർ മുപ്പത്തെണ്ണായിരം ആയിരുന്നു.
- 4അവരിൽ ഇരുപത്തിനാലായിരം പേർ യഹോവയുടെ ആലയത്തിലെ വേല നടത്തേണ്ടുന്നവരും ആറായിരംപേർ പ്രമാണികളും
- 5ന്യായാധിപന്മാരും നാലായിരം പേർ വാതിൽകാവൽക്കാരും നാലായിരംപേർ സ്തോത്രം ചെയ്യേണ്ടതിന്നു ദാവീദ് ഉണ്ടാക്കിയ വാദ്യങ്ങളാൽ യഹോവയെ സ്തുതിക്കുന്നവരും ആയിരുന്നു;
- 6ദാവീദ് അവരെ ലേവിപുത്രന്മാരായ ഗേർശോൻ, കെഹാത്ത്, മെരാരി എന്നീ ക്രമപ്രകാരം കൂറുകളായി വിഭാഗിച്ചു.
- 7ഗേർശോന്യർ: ലദ്ദാൻ, ശിമെയി.
- 8ലദ്ദാന്റെ പുത്രന്മാർ: തലവനായ യെഹീയേൽ, സേഥാം, യോവേൽ ഇങ്ങനെ മൂന്നുപേർ.
- 9ശിമെയിയുടെ പുത്രന്മാർ: ശെലോമീത്ത്, ഹസീയേൽ, ഹാരാൻ ഇങ്ങനെ മൂന്നുപേർ; ഇവർ ലദ്ദാന്റെ പിതൃഭവനങ്ങൾക്കു തലവന്മാർ ആയിരുന്നു.
- 10ശിമെയിയുടെ പുത്രന്മാർ: യഹത്ത്, സീനാ, യെയൂശ്, ബെരീയാം; ഈ നാലുപേർ ശിമെയിയുടെ പുത്രന്മാർ.
- 11യഹത്ത് തലവനും സീനാ രണ്ടാമനും ആയിരുന്നു; യെയൂശിന്നും ബെരിയെക്കും അധികം പുത്രന്മാർ ഇല്ലാതിരുന്നതുകൊണ്ടു അവർ ഏകപിതൃഭവനമായി എണ്ണപ്പെട്ടിരുന്നു.
- 12കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ ഇങ്ങനെ നാലുപേർ.
- 13അമ്രാമിന്റെ പുത്രന്മാർ: അഹരോൻ, മോശെ; അഹരോനും പുത്രന്മാരും അതിവിശുദ്ധവസ്തുക്കളെ ശുദ്ധീകരിപ്പാനും യഹോവയുടെ സന്നിധിയിൽ ധൂപംകാട്ടുവാനും അവന്നു ശുശ്രൂഷചെയ്‍വാനും എപ്പോഴും അവന്റെ നാമത്തിൽ അനുഗ്രഹിപ്പാനും സദാകാലത്തേക്കും വേർതിരിക്കപ്പെട്ടിരുന്നു.
- 14ദൈവപുരുഷനായ മോശെയുടെ പുത്രന്മാരെയോ ലേവിഗോത്രത്തിൽ എണ്ണിയിരുന്നു.
- 15മോശെയുടെ പുത്രന്മാർ: ഗേർശോം, എലീയേസെർ.
- 16ഗെർശോമിന്റെ പുത്രന്മാരിൽ ശെബൂവേൽ തലവനായിരുന്നു.
- 17എലീയേസെരിന്റെ പുത്രന്മാർ: രെഹബ്യാവു തലവൻ; എലീയേസെരിന്നു വേറെ പുത്രന്മാർ ഉണ്ടായിരുന്നില്ല; എങ്കിലും രെഹബ്യാവിന്നു വളരെ പുത്രന്മാർ ഉണ്ടായിരുന്നു.
- 18യിസ്ഹാരിന്റെ പുത്രന്മാരിൽ ശെലോമീത്ത് തലവൻ.
- 19ഹെബ്രോന്റെ പുത്രന്മാരിൽ യെരീയാവു തലവനും അമർയ്യാവു രണ്ടാമനും യഹസീയേൽ മൂന്നാമനും, യെക്കമെയാം നാലാമനും ആയിരുന്നു.
- 20ഉസ്സീയേലിന്റെ പുത്രന്മാരിൽ മീഖാ തലവനും യിശ്ശീയാവു രണ്ടാമനും ആയിരുന്നു.
- 21മെരാരിയുടെ പുത്രന്മാർ മഹ്ളി, മൂശി. മഹ്ളിയുടെ പുത്രന്മാർ: എലെയാസാർ, കീശ്.
- 22എലെയാസാർ മരിച്ചു; അവന്നു പുത്രിമാരല്ലാതെ പുത്രന്മാർ ഉണ്ടായിരുന്നില്ല; കീശിന്റെ പുത്രന്മാരായ അവരുടെ സഹോദരന്മാർ അവരെ വിവാഹംചെയ്തു.
- 23മൂശിയുടെ പുത്രന്മാർ: മഹ്ളി, ഏദെർ, യെരേമോത്ത് ഇങ്ങനെ മൂന്നു പേർ.
- 24ഇവർ കുടുംബംകുടുംബമായി ആളെണ്ണം പേരുപേരായി എണ്ണപ്പെട്ടപ്രകാരം തങ്ങളുടെ പിതൃഭവനങ്ങൾക്കു തലവന്മാരായ ലേവിപുത്രന്മാർ; അവർ ഇരുപതു വയസ്സുമുതൽ മേലോട്ടു യഹോവയുടെ ആലയത്തിലെ ശുശ്രൂഷയിൽ വേല ചെയ്തുവന്നു.
- 25യിസ്രായേലിന്റെ ദൈവമായ യഹോവ തന്റെ ജനത്തിന്നു സ്വസ്ഥത കൊടുത്തു യെരൂശലേമിൽ എന്നേക്കും വസിക്കുന്നുവല്ലോ.
- 26ആകയാൽ ലേവ്യർക്കു ഇനി തിരുനിവാസവും അതിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങൾ ഒന്നും ചുമപ്പാൻ ആവശ്യമില്ല എന്നു ദാവീദ് പറഞ്ഞു.
- 27ദാവീദിന്റെ അന്ത്യകല്പനകളാൽ ലേവ്യരെ ഇരുപതു വയസ്സുമുതൽ മേലോട്ടു എണ്ണിയിരുന്നു.
- 28അവരുടെ മുറയോ, യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കായി പ്രാകാരങ്ങളിലും അറകളിലും സകലവിശുദ്ധവസ്തുക്കളെയും ശുദ്ധീകരിക്കുന്നതിലും ദൈവാലയത്തിലെ ശുശ്രൂഷയുടെ വേലെക്കു അഹരോന്റെ പുത്രന്മാരെ സഹായിക്കുന്നതും
- 29കാഴ്ചയപ്പവും പുളിപ്പില്ലാത്ത ദോശകളായും ചട്ടിയിൽ ചുടുന്നതായും കുതിർക്കുന്നതായും അർപ്പിക്കുന്ന ഭോജനയാഗത്തിന്നുള്ള നേരിയമാവും സകലവിധ പരിമാണവും അളവും നോക്കുന്നതും
- 30രാവിലെയും വൈകുന്നേരവും യഹോവയെ വാഴ്ത്തി സ്തുതിക്കേണ്ടതിന്നു ഒരുങ്ങിനില്ക്കുന്നതും
- 31യഹോവെക്കു ശബ്ബത്തുകളിലും അമാവാസ്യകളിലും ഉത്സവങ്ങളിലും യഹോവയുടെ സന്നിധിയിൽ നിരന്തരം അവയെക്കുറിച്ചുള്ള നിയമത്തിന്നനുസരണയായ സംഖ്യപ്രകാരം ഹോമയാഗങ്ങളെ അർപ്പിക്കുന്നതും
- 32സമാഗമനക്കുടാരത്തിന്റെ കാര്യവും വിശുദ്ധസ്ഥലത്തിന്റെ കാര്യവും യഹോവയുടെ ആലയത്തിലെ ശുശ്രൂഷയിൽ അവരുടെ സഹോദരന്മാരായ അഹരോന്റെ പുത്രന്മാരുടെ കാര്യവും വിചാരിക്കുന്നതും തന്നെ.